ആമുഖം
|
ഇസ്‌ലാമിന്റെ വിശുദ്ധ ഗ്രന്ഥമാണ് ഖുര്‍ആന്‍. മുസ്‌ലിംകളുടെ കാഴ്ചപ്പാടനുസരിച്ച്, അത് വിശ്വാസികളോട് മാത്രമല്ല, മനുഷ്യകുലത്തോട് മുഴുവന്‍ സംസാരിക്കുന്നു. എന്നാല്‍ അതിന്റെ സന്ദേശം പൂര്‍ണ്ണമായ അര്‍ത്ഥത്തില്‍ ഗ്രഹിക്കുക എന്നത് പലര്‍ക്കും പലപ്പോഴും പ്രയാസമായി അനുഭവപ്പെടാറുണ്ട്. അതിന്റെ ഘടന പോലും ഇതര പുസ്തകങ്ങളെപ്പോലെ സാമ്പ്രദായിക രീതിയിലല്ല; അതിലുള്ള 114 അദ്ധ്യായങ്ങളാവട്ടെ, അവ അവതീര്‍ണ്ണമായ ക്രമത്തിലല്ല ഉള്ളതും. അറബി സംസാരിക്കുന്നവര്‍ക്ക് അതിന്റെ സാഹിത്യ ഭാഷ വിവരണാതീതമാം വിധം അതിവിശിഷ്ടമാണ് – ഗദ്യമല്ല, കവിതയുമല്ല; അതുല്യമാണത്. ഇസ്‌ലാമിന്റെ ആദ്യകാലം മുതല്‍ക്ക് തന്നെ ഖുര്‍ആനിലെ പദങ്ങളുടെയും സൂക്തങ്ങളുടെയും ആഴങ്ങള്‍ മുസ്‌ലിംകള്‍ തേടിക്കൊണ്ടിരുന്നിട്ടുണ്ട്. അതേ അവസരത്തില്‍ അമുസ്‌ലിംകള്‍ക്കാവട്ടെ, തെറ്റായ പല ധാരണകളും അതിനെക്കുറിച്ചുണ്ട് താനും. ഇത്തരം കാര്യങ്ങളാണ് ലോകപ്രശസ്തഎഴുത്തുകാരനും പണ്ഡിതനും 45ലേറെ പുസ്തകങ്ങളുടെ രചയിതാവുമായ സിയാവുദ്ദീന്‍ സര്‍ദാര്‍ ഈ ബ്ലോഗില്‍ ഇഴ പിരിച്ച് കൈകാര്യം ചെയ്യുന്നത്.
മതകാര്യങ്ങളും ഖുര്‍ആനും ചര്‍ച്ച ചെയ്യപ്പെടുന്ന അസംഖ്യം മതവേദികള്‍ ലോകത്തിന്റെ പല ഭാഗങ്ങളിലുമുണ്ട്. ഈ വേദിയിലൂടെ മതേതര രംഗത്തുള്ളവര്‍ക്ക് കൂടി ഇത്തരം ചര്‍ച്ചകളില്‍ പങ്കെടുക്കാന്‍ അവസരമൊരുക്കുകയും അതിലൂടെ സാംസ്‌കാരികമായ ആശയവിനിമയങ്ങള്‍ക്ക് വഴി തുറക്കുകയും ചെയ്യാനാവുമെന്നാണ് ഞങ്ങളുടെ പ്രതീക്ഷ; വിശേഷിച്ച്, ലോക കാര്യങ്ങളില്‍ ഇസ്‌ലാമിനുള്ള പങ്ക് ഏറിയ തോതില്‍ ചര്‍ച്ച ചെയ്യപ്പെടുന്ന ഇക്കാലത്ത്. ഖുര്‍ആനാണ് മതത്തിന്റെ സ്രോതസ്സെങ്കില്‍, അത് മുഴുവന്‍ മനുഷ്യര്‍ക്കുമുള്ളതാണെങ്കില്‍, അതിനെക്കുറിച്ച് കൂടുതല്‍ അറിയാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അദ്വിതീയമായ ഒരു വഴിയൊരുക്കുകയാണ് ഞങ്ങള്‍ ഇതിലൂടെ. പ്രമുഖ ബ്രിട്ടീഷ് പത്രമായ ഗാര്‍ഡിയനില്‍ വന്ന സിയാവുദ്ദീന്‍ സര്‍ദാറിന്റെ ബ്ലോഗിംഗ് ദി ഖുര്‍ആന്‍ ആണ് അവരുടെ അനുമതിയോടെ ഞങ്ങള്‍ ഇവിടെ പരിഭാഷപ്പെടുത്തി പ്രസിദ്ധീകരിക്കുന്നത്. വായനക്കാര്‍ ഇത് സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. എഡിറ്റര്‍
.
|














